Panorama stock surge

മലയാള സിനിമയിലെ മുൻനിര താരം നിവിൻ പോളിയുമായുള്ള വമ്പൻ കരാറും ‘ദൃശ്യം’ സിനിമകളുടെ ആഗോള വിതരണാവകാശവും പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ (Panorama Studios International) എന്ന കമ്പനിയുടെ ഓഹരികളിൽ വലിയ ചലനം സൃഷ്ടിക്കുന്നു. അണ്ടർ വാല്യുവേഷനിലുള്ള ഈ മീഡിയ ഓഹരി ഇന്ന് ഒറ്റദിവസം കൊണ്ട് 6 ശതമാനത്തിലധികം കുതിച്ചുയർന്ന് 47.60 രൂപ വരെ എത്തി. കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കെടുത്താൽ ഏകദേശം 17.4 ശതമാനത്തോളം ലാഭമാണ് ഈ ഓഹരി നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. പ്രമോട്ടർമാർ കമ്പനിയിലെ ഓഹരി പങ്കാളിത്തം ഉയർത്തിയതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്.

മലയാള സിനിമയിൽ തന്നെ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ടാണ് പനോരമ സ്റ്റുഡിയോസ് നിവിൻ പോളിയുമായി 100 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ടത്. ഈ കരാർ പ്രകാരം വിവിധ ജോണറുകളിലുള്ള മലയാള ചിത്രങ്ങൾ താരം നിർമ്മാണ പങ്കാളിയായിക്കൊണ്ട് കമ്പനി പുറത്തിറക്കും. ഇതിനു പുറമെ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ഫ്രാഞ്ചൈസിയായ ‘ദൃശ്യം’ സിനിമകളുടെ വിദേശ ഭാഷാ റീമേക്ക് അവകാശങ്ങളും ‘ദൃശ്യം 3’ യുടെ ആഗോള വിതരണാവകാശവും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ മികച്ച വളർച്ചാ സാധ്യതയുള്ള ഈ കമ്പനി ഇതുവരെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പുതിയ പ്രോജക്റ്റുകളുടെ പ്രഖ്യാപനം വിപണിയിൽ വലിയ അനുകൂല തരംഗമാണ് സൃഷ്ടിക്കുന്നത്.
About The Author


