Noida Worker Protest Big

തൊഴിലാളികളുടെ വേതന വർധനവും ജോലി സമയവും സംബന്ധിച്ച് നോയിഡയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ അടിയന്തര ഇടപെടലുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി നൽകാനും തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കാനും ഫാക്ടറികൾക്ക് അദ്ദേഹം നിർദേശം നൽകി. മാസം 15,000 രൂപയിൽ താഴെ മാത്രം വരുമാനമുള്ള തങ്ങൾക്ക് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് താങ്ങാനാവുന്നില്ലെന്നും, 12 മണിക്കൂർ ജോലിക്കു പകരം എട്ട് മണിക്കൂർ ഷിഫ്റ്റ് വേണമെന്നും, പ്രതിമാസ മിനിമം വേതനം 20,000 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ തെരുവിലിറങ്ങിയത്. പ്രതിഷേധം അക്രമാസക്തമായതോടെ ഫേസ് 2 മേഖലയിൽ വാഹനങ്ങൾ തകർക്കപ്പെടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. പോലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാനും, പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട സാമൂഹിക വിരുദ്ധ സംഘങ്ങളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഹരിയാനയിലെ മിനിമം വേതന വർധനവാണ് നോയിഡയിലെ തൊഴിലാളികളെയും സമരത്തിലേക്ക് നയിച്ചത്.

About The Author


