Nitish Kumar Resigns Today

ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെ.ഡി.യുവിന്റെ മുതിർന്ന നേതാക്കളോടൊപ്പം ഇതിനോടകം തന്നെ നിതീഷ് കുമാർ ഡൽഹിയിൽ എത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതിന് മുന്നോടിയായി ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി അദ്ദേഹം ഇന്ന് സുപ്രധാന ചർച്ചകൾ നടത്തും. ബിഹാറിലെ ഭരണമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ ബിജെപി കോർ കമ്മിറ്റി യോഗവും ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്.പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ഈ മാസം 13-ന് പട്നയിൽ എൻ.ഡി.എ യോഗം ചേരും. നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ, നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ മന്ത്രിസഭയിലെത്തുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. ഈ രാഷ്ട്രീയ നീക്കങ്ങളെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ബിഹാറിൽ നടക്കുന്നത് വെറും “കസേര കളി” മാത്രമാണെന്നും ബിജെപിയും ജെഡിയുവും തമ്മിൽ അധികാരത്തിനായി തർക്കത്തിലാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഏപ്രിൽ 16-ന് നടക്കുമെന്നാണ് നിലവിലെ വിവരം.

About The Author


