Meta Shocks: New AI Lab!

കാലിഫോർണിയ: സോഷ്യൽ മീഡിയ ഭീമനായ മെറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള പുതിയ ഹാർഡ്വെയർ ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലെന്ന് റിപ്പോർട്ടുകൾ. കമ്പനിയുടെ ‘മെറ്റ റേ-ബാൻ’ സ്മാർട്ട് ഗ്ലാസുകൾ ഏഴ് മില്യൺ യൂണിറ്റിലധികം വിറ്റഴിച്ച് വലിയ വിജയം നേടിയതിന് പിന്നാലെയാണ്, ഹാർഡ്വെയർ വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് ‘മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്’ (MSL) രൂപീകരിച്ചിരിക്കുന്നത്. റിയാലിറ്റി ലാബ്സിലെ വിദഗ്ധരായ എഞ്ചിനീയർമാരെ ഉൾപ്പെടുത്തി രൂപീകരിച്ച ഈ പുതിയ ടീം, സ്മാർട്ട് ഗ്ലാസുകൾക്ക് അപ്പുറത്തുള്ള നൂതന എഐ ഉപകരണങ്ങളുടെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.പുതിയ ഹാർഡ്വെയർ വിഭാഗത്തെ നയിക്കാൻ പ്രമുഖ എഞ്ചിനീയറായ റൂയി സുവിനെ (Rui Xu) മെറ്റ നിയമിച്ചു. ബൈറ്റ്ഡാൻസ് പോലുള്ള മുൻനിര കമ്പനികളിലും എഐ സ്റ്റാർട്ടപ്പുകളിലും ഹാർഡ്വെയർ വിഭാഗം നയിച്ച വലിയ പരിചയസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. സ്കെയിൽ എഐയുടെ (Scale AI) സിഇഒ ആയിരുന്ന അലക്സാണ്ടർ വാംഗ്, മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബിന്റെ നേതൃനിരയിൽ എത്തിയതോടെ കമ്പനിയുടെ എഐ മോഹങ്ങൾക്ക് വലിയ ഊർജ്ജമാണ് ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ അൽഗോരിതങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന പേഴ്സണൽ എഐ ഏജന്റുകൾക്കായി പ്രത്യേക ഉപകരണങ്ങൾ പുറത്തിറക്കാനാണ് മെറ്റയുടെ പദ്ധതി.എഐ ഹാർഡ്വെയർ വിപണിയിൽ ആപ്പിൾ, ഓപ്പൺഎഐ, നത്തിംഗ് തുടങ്ങിയ വൻകിട കമ്പനികളുമായി വലിയ മത്സരമാണ് മെറ്റയെ കാത്തിരിക്കുന്നത്. മുൻ ആപ്പിൾ ഡിസൈനർ ജോണി ഐവുമായി ചേർന്ന് ഓപ്പൺഎഐ പുതിയ ഉപകരണം വികസിപ്പിക്കുമ്പോൾ, ആപ്പിൾ തങ്ങളുടെ സ്വന്തം സ്മാർട്ട് ഗ്ലാസുകളുടെ പണിപ്പുരയിലാണ്. അതേസമയം, എഐ മേഖലയിലേക്ക് വൻതോതിൽ നിക്ഷേപം നടത്തുന്ന മെറ്റ, ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 15,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായും വാർത്തകളുണ്ട്. സാങ്കേതിക വിദ്യയിലെ ഈ വൻ മാറ്റം സ്മാർട്ട്ഫോണുകൾക്ക് അപ്പുറമുള്ള പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

About The Author


