MBBS Fee Cuts

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. എംബിബിഎസ് കോഴ്സിന്റെ ട്യൂഷൻ ഫീസ് ഇനി മുതൽ നാലര വർഷത്തേക്ക് മാത്രമേ ഈടാക്കാവൂ എന്ന് എൻഎംസി പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി. അഞ്ച് വർഷമോ അതിലധികമോ കാലയളവിലെ ഫീസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന രീതിക്ക് ഇതോടെ അവസാനമാകും. 2026-ലെ പുതിയ അക്കാദമിക് മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. നിലവിൽ പല സ്വകാര്യ മെഡിക്കൽ കോളേജുകളും അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിരുന്നു. കോഴ്സിന്റെ അക്കാദമിക് കാലയളവ് നാലര വർഷമായതിനാൽ, ആ കാലയളവിലെ ഫീസ് മാത്രമേ വാങ്ങാൻ പാടുള്ളൂ എന്നാണ് എൻഎംസി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്റേൺഷിപ്പ് കാലയളവിൽ ട്യൂഷൻ ഫീസ് ഈടാക്കരുതെന്നും നിർദ്ദേശത്തിലുണ്ട്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും ഈ ഉത്തരവ് ബാധകമാണ്. നിയമം ലംഘിക്കുന്ന കോളേജുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും എൻഎംസി അറിയിച്ചു

About The Author


