Lulu Exchange Dubai Deal

ദുബായ് മുനിസിപ്പാലിറ്റിയുടെ വിവിധ സേവനങ്ങൾക്കുള്ള ഫീസുകളും പിഴകളും ഇനി മുതൽ ലുലു എക്സ്ചേഞ്ച് ശാഖകൾ വഴി എളുപ്പത്തിൽ അടയ്ക്കാം. ഇതുസംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിയും ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചും ഔദ്യോഗികമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. വ്യക്തികൾക്കും കമ്പനികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സംവിധാനത്തിലൂടെ പണമായും (Cash) ചെക്കായും പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ പേയ്മെന്റ് രീതികൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ദുബായ് മുനിസിപ്പാലിറ്റി കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ ആക്ടിങ് സി.ഇ.ഒ സയദ് ഇസ്മയീൽ അൽ ഹഷീമിയും ലുലു എക്സ്ചേഞ്ച് യു.എ.ഇ സി.ഇ.ഒ തമ്പി സുദർശനനുമാണ് കരാറിൽ ഒപ്പിട്ടത്. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും എത്തിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തമ്പി സുദർശനൻ വ്യക്തമാക്കി. ദുബായിലെ ബിസിനസ്സുകൾക്കും വ്യക്തികൾക്കും ഒരുപോലെ കാര്യക്ഷമമായ സേവനം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് അൽ ഹാഷിമിയും കൂട്ടിച്ചേർത്തു. യു.എ.ഇയിലെ സാമ്പത്തിക സേവന രംഗത്ത് ലുലു എക്സ്ചേഞ്ചിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതാണ് ഈ പുതിയ സഹകരണം.
About The Author


