Liquor Label Ruling Shocks

മലപ്പുറം: മദ്യക്കുപ്പികൾക്ക് പുറത്ത് മദ്യം അർബുദത്തിന് കാരണമാകുമെന്ന പ്രത്യേക ലേബൽ പതിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന നിലവിലെ മുന്നറിയിപ്പ് തന്നെ മതിയാകുമെന്നും ഓരോ രോഗത്തെക്കുറിച്ചും പ്രത്യേകം പരാമർശിക്കേണ്ടതില്ലെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് വ്യക്തമാക്കി. അർബുദത്തിന് മദ്യം കാരണമാകുന്നുവെന്ന മുന്നറിയിപ്പ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കാവുംപുറം സ്വദേശി സി.എസ്. സജീവ് കുമാർ സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഈ ഉത്തരവ്.

നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലും മദ്യക്കുപ്പികളിൽ നൽകുന്ന ‘ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് മദ്യപാനം എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നതിന്റേയും ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്നതിന്റേയും സൂചനയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അമിത മദ്യപാനം കാൻസറിന് മാത്രമല്ല, കരൾ വീക്കം ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. ഓരോ രോഗത്തെക്കുറിച്ചും പ്രത്യേകമായി ലേബൽ ഒട്ടിക്കുന്നത് പ്രായോഗികമല്ലെന്ന എക്സൈസ് വകുപ്പിന്റെ വാദം കൂടി പരിഗണിച്ചാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.
About The Author


