Konni Elephant Shock

പത്തനംതിട്ട ജില്ലയിലെ കോന്നി കല്ലേലിയിൽ വോട്ടെടുപ്പ് ദിനമായ ഇന്ന് പുലർച്ചെ കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയത് വോട്ടർമാരിലും ഉദ്യോഗസ്ഥരിലും ചെറിയ തോതിൽ പരിഭ്രാന്തി പരത്തി. കല്ലേലിയിലെ 214-ാം നമ്പർ പോളിങ് സ്റ്റേഷന് സമീപമാണ് വന്യമൃഗത്തിന്റെ സാന്നിധ്യം ഉണ്ടായത്. വോട്ടെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾക്കായി പോളിങ് ഉദ്യോഗസ്ഥർ ബൂത്തിൽ എത്തിയ സമയത്തായിരുന്നു ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആനയെ നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ബൂത്തിന് തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ ആന കയറിയതിന്റെ വ്യക്തമായ അടയാളങ്ങളുണ്ട്.

ബൂത്തിന് സമീപത്തെ വാഴകൾ വ്യാപകമായി ചവിട്ടി നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ കല്ലേലിയിൽ വന്യമൃഗ ശല്യം പതിവാണെങ്കിലും വോട്ടെടുപ്പ് ദിവസം തന്നെ പോളിങ് ബൂത്തിന് തൊട്ടടുത്ത് ആന എത്തിയത് ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥർ കാണുന്നത്. സംഭവത്തെത്തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയും പ്രദേശത്ത് സുരക്ഷാ പരിശോധനകൾ കർശനമാക്കുകയും ചെയ്തു. വോട്ടർമാർക്ക് ഭയമില്ലാതെ വോട്ട് ചെയ്യാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
About The Author


