US Iran Operation Shock

പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ വീണ്ടും വ്യോമാക്രമണം. അമേരിക്കൻ സൈന്യം ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾക്കുനേരെ ശക്തമായ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഖാർഗ് ദ്വീപിൽ വൻ സ്ഫോടനങ്ങൾ നടന്നതായും ഇറാന്റെ എണ്ണ വ്യാപാരത്തെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും സൂചനയുണ്ട്. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ഏതാണ്ട് 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതിനും ഇറാന്റെ സൈനിക കരുത്ത് തകർക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് ഈ ആക്രമണമെന്ന് യുഎസ് വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, അമേരിക്ക ‘റെഡ് ലൈൻ’ ലംഘിച്ചാൽ പ്രത്യാക്രമണം മേഖലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം അതിരൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില വർധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നേരത്തെ മാർച്ചിലും ദ്വീപിന് നേരെ ആക്രമണം നടന്നിരുന്നുവെങ്കിലും പുതിയ ആക്രമണം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായാണ് പ്രാഥമിക വിവരം.
About The Author


