Kerala Poll Record Shocks

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികളെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ച് കനത്ത പോളിംഗ്. സംസ്ഥാനത്ത് ആകെ 78.27% വോട്ടുകൾ രേഖപ്പെടുത്തിയതോടെ 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനത്തിനാണ് ഇത്തവണ കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ പലയിടത്തും പോളിംഗ് 80 ശതമാനവും കടന്നത് രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി മെയ് നാലിലെ വോട്ടെണ്ണലിനായുള്ള കാത്തിരിപ്പിലാണ് നാട്.

ശക്തമായ പോളിംഗ് ഭരണവിരുദ്ധ തരംഗമാണെന്നും തങ്ങൾ 100 സീറ്റുകൾ വരെ നേടി അധികാരം പിടിക്കുമെന്നുമാണ് യുഡിഎഫ് (UDF) ക്യാമ്പിന്റെ വിലയിരുത്തൽ. കുറഞ്ഞത് 80 സീറ്റുകൾ ഉറപ്പാണെന്നും തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നും അവർ കണക്കുകൂട്ടുന്നു. അതേസമയം, സർക്കാരിന്റെ വികസന ഭരണത്തുടർച്ചയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ ജനപങ്കാളിത്തമെന്ന് എൽഡിഎഫ് (LDF) അവകാശപ്പെടുന്നു. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. നിർണ്ണായകമായ പല മണ്ഡലങ്ങളിലും പോരാട്ടം കടുത്തതോടെ ചുരുങ്ങിയത് മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കാനാകുമെന്ന് എൻഡിഎ (NDA) വക്താക്കളും പ്രതികരിച്ചു.
ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കോഴിക്കോട് (81.36%), പാലക്കാട് (80.56%) എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. ഏറ്റവും കുറഞ്ഞ പോളിംഗ് പത്തനംതിട്ടയിലാണ് (70.76%). മലബാറിലെ എസ് ഐ ആർ (SIR) വിഷയത്തിന് ശേഷമുള്ള ആദ്യ ബലപരീക്ഷണം ആരെ തുണയ്ക്കുമെന്നത് ഫലം വരുമ്പോൾ നിർണ്ണായകമാകും. വോട്ടെണ്ണലിന് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും, ഓരോ ബൂത്തിലെയും കണക്കുകൾ പരിശോധിച്ച് വിജയസാധ്യത ഉറപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ മുന്നണികൾ.
About The Author


