Global oil crisis

അമേരിക്കൻ നാവികസേന ഏർപ്പെടുത്തുന്ന ഉപരോധങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇറാൻ രംഗത്ത്. അമേരിക്കയുടെ നടപടികളെ ‘കടൽക്കൊള്ള’ എന്ന് വിശേഷിപ്പിച്ച ഇറാൻ, തങ്ങളുടെ എണ്ണക്കപ്പലുകൾ തടയാനാണ് നീക്കമെങ്കിൽ ഗൾഫ് മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് കർശന മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുള്ള അമേരിക്കയുടെ പ്രകോപനം മേഖലയിലെ സമാധാനം തകർക്കുമെന്നും, ഏത് തരത്തിലുള്ള അധിനിവേശത്തെയും നേരിടാൻ ഇറാൻ സൈന്യം സജ്ജമാണെന്നും റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാനെ സാമ്പത്തികമായി തളർത്താൻ ലക്ഷ്യമിട്ടുള്ള നാവിക ഉപരോധം ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിക്കുന്നതാണ് ഇറാന്റെ പുതിയ നിലപാട്. അമേരിക്കൻ ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടക്കമുള്ള തന്ത്രപ്രധാന പാതകൾ അടച്ചിടുമെന്ന ഭീഷണിയും ഇതിനോടകം ഉയർന്നിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളെയും വാണിജ്യ തുറമുഖങ്ങളെയും ലക്ഷ്യം വെച്ചുള്ളതാണ് ഇറാന്റെ ഈ മുന്നറിയിപ്പ്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് ചെങ്കടലിലെയും പേർഷ്യൻ ഗൾഫിലെയും കപ്പൽ ഗതാഗതത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ഇടപെടലുകൾ ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
About The Author


