Indians Leave Iran Panic

ഇറാനിലെ സംഘർഷാവസ്ഥയിൽ നേരിയ അയവുണ്ടായിട്ടുണ്ടെങ്കിലും അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാരും ടെഹ്റാനിലെ ഇന്ത്യൻ എംബസിയും കർശന നിർദ്ദേശം നൽകി. ഏപ്രിൽ 7-ന് പുറപ്പെടുവിച്ച ‘വീടിനുള്ളിൽ തന്നെ തുടരുക’ എന്ന നിർദ്ദേശത്തിന് പിന്നാലെയാണ്, രാജ്യം വിടാനുള്ള പുതിയ അന്ത്യശാസനം വന്നിരിക്കുന്നത്. മേഖലയിലെ സാഹചര്യങ്ങൾ ഇപ്പോഴും അപ്രവചനീയമാണെന്നും ഏതു നിമിഷവും സ്ഥിതിഗതികൾ മാറാൻ സാധ്യതയുണ്ടെന്നും എംബസി വിലയിരുത്തുന്നു. അതിനാൽ, ഇറാനിൽ തുടരുന്ന പൗരന്മാർ എംബസിയുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സുരക്ഷിത പാതകളിലൂടെ എത്രയും വേഗം മടങ്ങണം. എംബസിയുടെ മുൻകൂർ അനുമതിയില്ലാതെ അന്താരാഷ്ട്ര കര അതിർത്തികൾ കടക്കാൻ ശ്രമിക്കരുതെന്ന് പ്രത്യേകം മുന്നറിയിപ്പുണ്ട്. സഹായത്തിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+989128109115, +989128109102) ഇമെയിൽ വിലാസവും (cons.tehran@mea.gov.in) എംബസി പങ്കുവെച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാണ് ഈ ഇടവേളയെങ്കിലും, യുദ്ധം പൂർണ്ണമായും അവസാനിക്കാത്തതിനാൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ആണവ പദ്ധതികളുടെ അംഗീകാരം, സാമ്പത്തിക ഉപരോധം പിൻവലിക്കൽ, ഹോർമുസ് കടലിടുക്കിലെ അധികാരം തുടങ്ങിയ പത്ത് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ട് വെച്ചിട്ടുള്ളത്. എന്നാൽ ഈ നിബന്ധനകളിൽ അമേരിക്കയുടെ തീരുമാനം നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംഘർഷം വീണ്ടും ശക്തമാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
About The Author


