Gulf Air Kerala Flight Shock

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച് ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ. ബഹ്റൈൻ വ്യോമപാതയിലെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം കേന്ദ്രീകരിച്ചാണ് നിലവിൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ബഹ്റൈനിൽ നിന്നുള്ള യാത്രക്കാരെ റോഡ് മാർഗ്ഗം ദമ്മാമിലെത്തിച്ച ശേഷമാണ് അവിടെനിന്ന് വിമാനങ്ങൾ പുറപ്പെടുന്നത്. തിരികെ വരുന്ന യാത്രക്കാരെയും ഇതേ രീതിയിൽ ദമ്മാമിൽ ഇറക്കി ബഹ്റൈനിലേക്ക് എത്തിക്കും.

മേഖലയിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് സർവീസുകൾ മുടങ്ങിയത് നാട്ടിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഗൾഫ് എയറിന് പുറമെ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ വിമാനക്കമ്പനികളും കേരളത്തിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാന സമയങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതത് കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. മാസങ്ങളായി തുടരുന്ന യാത്രാ ക്ലേശത്തിന് ഇതോടെ വലിയൊരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
About The Author


