DU Admission: Big Update!

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിലെ (DU) 2026-27 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനായുള്ള കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS) പോർട്ടൽ മെയ് മൂന്നാം വാരത്തോടെ തുറക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ക്യൂയറ്റ് (CUET UG 2026) പരീക്ഷാ നടപടികൾ പൂർത്തിയാകുന്നതിന് പിന്നാലെയാകും പ്രവേശന നടപടികൾ ആരംഭിക്കുക. ഇത്തവണ അപേക്ഷാ പ്രക്രിയ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പോർട്ടലിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതൽ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അഡ്മിഷൻ വിഭാഗം ഡീൻ ഹനീത് ഗാന്ധി അറിയിച്ചു.

പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് പ്രവേശന നടപടികൾ പൂർത്തിയാകുന്നത്. ഒന്നാം ഘട്ടത്തിൽ വിദ്യാർത്ഥികൾ സി.എസ്.എ.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രണ്ടാം ഘട്ടത്തിൽ പരീക്ഷാ ഫലത്തിന് ശേഷം തങ്ങൾക്ക് താല്പര്യമുള്ള കോളേജുകളുടെയും കോഴ്സുകളുടെയും മുൻഗണനാ പട്ടിക സമർപ്പിക്കണം. മൂന്നാം ഘട്ടത്തിലാണ് മെറിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റ് അലോക്കേഷൻ നടക്കുക. പ്ലസ് ടു തലത്തിൽ പഠിച്ച വിഷയങ്ങൾ തന്നെയാകണം വിദ്യാർത്ഥികൾ ക്യൂയറ്റ് പരീക്ഷയ്ക്കും തിരഞ്ഞെടുക്കേണ്ടതെന്ന സുപ്രധാന നിർദ്ദേശം സർവ്വകലാശാല നൽകിയിട്ടുണ്ട്. വിഷയങ്ങൾ മാറ്റി തിരഞ്ഞെടുക്കുന്നത് അപേക്ഷകൾ നിരസിക്കപ്പെടാൻ കാരണമായേക്കും.
സംവരണ വിഭാഗങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 2026 മാർച്ച് 31-ന് ശേഷം ലഭിച്ച നോൺ-ക്രീമിലെയർ, ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ടതാണ്. അപേക്ഷാ സമയത്ത് തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാൻ വിദ്യാർത്ഥികൾ ഓരോ ഘട്ടത്തിലും പോർട്ടലിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് admission.uod.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
About The Author


