China Airspace Ban Panic

ആഗോള സമാധാനത്തിന് ഭീഷണിയുയർത്തി ചൈനീസ് കടൽ മേഖലയിൽ ചൈന ഏർപ്പെടുത്തിയിരിക്കുന്ന അസാധാരണ വ്യോമപാത നിയന്ത്രണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. സാധാരണഗതിയിൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്കായി നിയന്ത്രണങ്ങൾ വരാറുണ്ടെങ്കിലും, ഇത്തവണ മാർച്ച് 27 മുതൽ മെയ് 6 വരെ നീളുന്ന 40 ദിവസത്തെ നിയന്ത്രണമാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. യെല്ലോ സീ (Yellow Sea), ഈസ്റ്റ് ചൈന സീ (East China Sea) എന്നീ മേഖലകളിലായി തായ്വാനേക്കാൾ വലിയ വിസ്തൃതിയുള്ള പ്രദേശത്താണ് ഈ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങൾക്ക് ഉയരപരിധിയില്ലാത്ത (SFC-UNL) നിയന്ത്രണമാണ് വന്നിട്ടുള്ളത് എന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. തായ്വാൻ കടലിടുക്കുമായി ബന്ധപ്പെട്ട ദീർഘകാല സൈനിക നീക്കങ്ങളുടെ ഭാഗമാണോ ഇതെന്ന് ലോകരാജ്യങ്ങൾ ഭയപ്പെടുമ്പോഴും, ചൈനീസ് പ്രതിരോധ മന്ത്രാലയമോ വ്യോമയാന അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. അമേരിക്കയുടെ ശ്രദ്ധ നിലവിൽ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ പതിഞ്ഞിരിക്കുന്ന സാഹചര്യം മുതലെടുത്ത് ചൈന നടത്തുന്ന ഈ തന്ത്രപരമായ നീക്കം തായ്വാനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് നേതാവ് ഷി ജിൻപിംഗും തമ്മിലുള്ള ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്ന വേളയിൽ ചൈന നടത്തുന്ന ഈ നീക്കം ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ അയൽരാജ്യങ്ങളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

About The Author


