B Gopalakrishnan Shocks Guruvaayur

തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവും എൻഡിഎ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണൻ. മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ്, പ്രമുഖ സോപാനസംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നതിനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്. മുസ്ലിം ലീഗിൽ ചേർന്ന ഹരിഗോവിന്ദൻ ക്ഷേത്രങ്ങളിൽ സോപാനസംഗീതം ഉപാസിക്കാതിരിക്കുന്നതാണ് മര്യാദയെന്നും, രാഷ്ട്രീയ മാറ്റം അദ്ദേഹത്തിന്റെ കലാപരമായ നിലപാടുകളെ ബാധിക്കുമെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. മണ്ഡലത്തിൽ ബിജെപി മികച്ച വിജയം നേടുമെന്നും വോട്ടർമാർ തന്നെ പൂർണ്ണമായി സ്വീകരിക്കുമെന്നുമുള്ള ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. വോട്ടെടുപ്പ് പൂർത്തിയായാലും അടുത്ത അഞ്ച് വർഷം താൻ ജനങ്ങൾക്കൊപ്പം ഗുരുവായൂരിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രചാരണ സമയത്ത് ഗോപാലകൃഷ്ണൻ നടത്തിയ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ഹൈക്കോടതിയുടെ കർശന ഇടപെടൽ ഉണ്ടായിരിക്കുകയാണ്. ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ലെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്ന് കാണിച്ച് കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുൽ നൽകിയ ഹർജിയിലാണ് കോടതി നടപടി. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്തരം വിദ്വേഷ പരാമർശങ്ങളിൽ എന്ത് നടപടിയെടുത്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആരാഞ്ഞു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതായും കമ്മീഷൻ കോടതിയെ അറിയിച്ചു. സംഭവത്തിൽ രണ്ട് മാസത്തിനുള്ളിൽ ഉചിതമായ നിയമനടപടി സ്വീകരിക്കാൻ ഹൈക്കോടതി കമ്മീഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.
About The Author


