Artemis 2 Record Return

ന്യൂയോർക്ക്: ദശകങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചന്ദ്രനെ വലംവെച്ചുള്ള ചരിത്രയാത്ര പൂർത്തിയാക്കി നാസയുടെ ആർട്ടെമിസ്-2 ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങുന്നു. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.37-ഓടെ (8:07 PM EDT) യാത്രാ പേടകമായ ‘ഒറയോൺ’ കാലിഫോർണിയയിലെ സാൻ ഡിയേഗോ തീരത്തിന് സമീപം ശാന്തസമുദ്രത്തിൽ ഇറങ്ങും (Splashdown). പത്തു ദിവസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ റെക്കോർഡ് നേട്ടങ്ങളുമായാണ് നാലംഗ സംഘത്തിന്റെ ഈ തിരിച്ചുവരവ്.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് 45 മിനിറ്റ് മുൻപ് പേടകത്തിൽ നിന്ന് സർവീസ് മോഡ്യൂൾ വേർപ്പെടും. തുടർന്ന് അതിവേഗത്തിൽ അന്തരീക്ഷത്തിലേക്ക് കുതിക്കുന്ന പേടകത്തിന്റെ വേഗത കുറയ്ക്കാൻ പാരഷൂട്ടുകൾ വിടർത്തും. സമുദ്രത്തിൽ ഇറങ്ങുന്ന പേടകത്തെയും സഞ്ചാരികളെയും വീണ്ടെടുക്കാൻ അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ജോൺ പി. മുർത്ത (USS John P. Murtha) എന്ന കപ്പൽ സർവ്വ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. കപ്പലിൽ വെച്ചുതന്നെ സഞ്ചാരികൾക്ക് പ്രാഥമിക വൈദ്യപരിശോധന നൽകിയ ശേഷം, ഹെലികോപ്റ്റർ മാർഗ്ഗം ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലേക്ക് ഇവരെ മാറ്റും.
ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരത്തേക്ക് (ഏകദേശം 4,00,000 കിലോമീറ്ററിലധികം) സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡ് ആർട്ടെമിസ്-2 സംഘം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 1970-ൽ അപ്പോളോ-13 സ്ഥാപിച്ച റെക്കോർഡാണ് ഇവർ മറികടന്നത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘം ചന്ദ്രന്റെ വിദൂര ഭാഗങ്ങളിൽ നിന്നുള്ള അത്യപൂർവ്വ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ ഭാവി പദ്ധതികൾക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ ദൗത്യത്തിന്റെ വിജയം.
About The Author


