Akhil Marar Facebook

പ്രമുഖ ചലച്ചിത്ര സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാരുടെ ആറ് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചു കിട്ടി. തന്റെ പേജ് നീക്കം ചെയ്യാൻ കാരണക്കാരായവർ നിയമനടപടി ഭയന്ന് പരാതി പിൻവലിച്ചതിനെ തുടർന്നാണ് അക്കൗണ്ട് പുനസ്ഥാപിക്കപ്പെട്ടതെന്ന് അഖിൽ മാരാർ അറിയിച്ചു. തന്നെ നിശബ്ദനാക്കാൻ വേണ്ടി വ്യാജ റിപ്പോർട്ടുകൾ നൽകി പേജ് റിമൂവ് ചെയ്യിച്ചവർ മാന്യന്മാരാണെന്നും, കോടതി കയറുമെന്ന് കണ്ടപ്പോൾ 24 മണിക്കൂറിനുള്ളിൽ അവർ പരാതി പിൻവലിച്ചെന്നും അദ്ദേഹം പരിഹസിച്ചു. സത്യത്തിന് വേണ്ടി സംസാരിക്കാൻ താൻ എന്നും മുൻപന്തിയിലുണ്ടാകുമെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. വിഷയത്തിൽ തനിക്ക് കരുത്തുപകർന്ന പ്രമുഖർക്ക് അഖിൽ നന്ദി രേഖപ്പെടുത്തി. മുൻ ഡിജിപി ടി.പി. സെൻകുമാർ, ട്വന്റി ട്വന്റി പാർട്ടി പ്രസിഡന്റ് സാബു ജേക്കബ്, വൈസ് പ്രസിഡന്റ് ഗോപകുമാർ എന്നിവർ തനിക്കൊപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നും എന്നാൽ വാ മൂടിക്കെട്ടി ഇരിക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. നേരത്തെ, പേജ് നഷ്ടപ്പെട്ടതിനെ തുടർന്ന് ‘അഖിൽ മാരാർ 2.0’ എന്ന പേരിൽ പുതിയ അക്കൗണ്ട് അദ്ദേഹം ആരംഭിച്ചിരുന്നു. എന്നാൽ നിയമപോരാട്ടത്തിലൂടെ തന്റെ ഔദ്യോഗിക പേജ് തന്നെ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് താരം ഇപ്പോൾ.

About The Author


