Birth Certificate Verdict by Kerala High Court
വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ പത്തനംതിട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിന് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്. സിംഗിൾ മദർ എന്ന നിലയിൽ ഒരിക്കൽ രജിസ്റ്റർ ചെയ്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിന്നീട് അച്ഛന്റെ പേര് ചേർക്കാൻ നിയമം സാധാരണ ഗതിയിൽ അനുവദിക്കുന്നില്ല. എന്നാൽ കുട്ടിയുടെ ഭാവിയും അന്തസ്സും കണക്കിലെടുത്ത് കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിക്കുകയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ചാൾസ് ഡിക്കൻസിന്റെ പ്രശസ്ത നോവലായ ‘ഒലിവർ ട്വിസ്റ്റി’ലെ ഒരു കഥാപാത്രം പറയുന്നതുപോലെ, നിയമത്തിലെ ചില വ്യവസ്ഥകൾ കഴുതയെപ്പോലെ നിർജ്ജീവമാണെങ്കിലും, ഭരണഘടനാ കോടതികൾ നിയമങ്ങൾക്ക് മാനുഷികമായ വ്യാഖ്യാനം നൽകാൻ ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ തമിഴ്നാട്ടിൽ താമസിക്കുന്ന കോട്ടയം, കാസർക്കോട് സ്വദേശികളായ ദമ്പതികളുടെ ഹർജി പരിഗണിച്ചാണ് 30 ദിവസത്തിനകം പുതിയ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദ്ദേശം നൽകിയത്.
ദുബായിൽ ഒരുമിച്ച് ജോലി ചെയ്യുന്ന കാലത്ത് പ്രണയത്തിലായ ഇരുവരും, യുവാവിന്റെ വീട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. പിന്നീട് യുവതിയുടെ ആഗ്രഹപ്രകാരം പങ്കാളിയുടെ ബീജം സ്വീകരിച്ച് 2012ൽ കൃത്രിമ ഗർഭധാരണത്തിലൂടെ ഇവർക്കൊരു പെൺകുട്ടി ജനിച്ചു. അന്ന് സിംഗിൾ മദർ ആയി രജിസ്റ്റർ ചെയ്തതിനാൽ അച്ഛന്റെ പേരിന്റെ ഭാഗം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് 2018ൽ ഇവർ നിയമപരമായി വിവാഹിതരായതോടെയാണ് കുട്ടിയുടെ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കണമെന്ന ആവശ്യം ഉയർന്നത്. ഇതിനിടയിൽ ദമ്പതികൾക്കിടയിൽ ചില കുടുംബ പ്രശ്നങ്ങളുണ്ടാവുകയും, യുവതി കോട്ടയം കുടുംബക്കോടതിയിൽ പിതൃത്വ പ്രഖ്യാപനത്തിനായി ഹർജി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുവരും തർക്കങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയും, തങ്ങൾ തന്നെയാണ് കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെന്ന് കോടതിയിൽ സമ്മതിക്കുകയും ചെയ്തു. കുടുംബക്കോടതിയുടെ ഈ ഉത്തരവ് കൂടി പരിഗണിച്ചാണ് ഹൈക്കോടതി കുട്ടിയുടെ അവകാശം സംരക്ഷിക്കുന്ന ഈ നിർണായക വിധി പുറപ്പെടുവിച്ചത് (Birth Certificate Verdict)
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക്
Kerala High Court
സന്ദർശിക്കാം.
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


