Neyyar Missing Student Shock

തിരുവനന്തപുരം നെയ്യാറിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. ഓലത്താനി സ്വദേശി അയ്യപ്പന്റെ മകൻ അമിതേഷ് (ശിവ – 14) ആണ് നെയ്യാറിന്റെ ആഴമേറിയ ഭാഗത്ത് മുങ്ങിത്താഴ്ന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അമിതേഷ്. കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ അടിയൊഴുക്കിൽപ്പെട്ട കുട്ടി ആഴമുള്ള പ്രദേശത്തേക്ക് നീങ്ങുകയും പെട്ടെന്ന് തന്നെ വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷനാവുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് അഗ്നിശമന സേനയും സ്കൂബ ഡൈവിംഗ് ടീമും സ്ഥലത്തെത്തി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നെയ്യാറിലെ ജലനിരപ്പ് ഉയർന്നതും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. സമീപപ്രദേശങ്ങളിൽ നിന്ന് ധാരാളം ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. അമിതേഷിനെ കണ്ടെത്താനായി സ്കൂബ ടീം അടിയന്തര തിരച്ചിൽ തുടരുകയാണ്. നെയ്യാർ ഡാം പരിസരങ്ങളിൽ ശക്തമായ സുരക്ഷാ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കയാകുന്നു. വിദ്യാർത്ഥിയെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും.

About The Author


