Nithin Raj Death Shock

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോളേജിലെ അധ്യാപകരിൽ നിന്നുള്ള ജാതി അധിക്ഷേപത്തിന് പുറമെ, ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയും നിതിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വെറും 14,000 രൂപയാണ് നിതിൻ ഓൺലൈൻ ആപ്പ് വഴി വായ്പയെടുത്തത്. എന്നാൽ ഇതിന്റെ പേരിൽ നിതിൻ്റെ ഫോണിലേക്ക് 98ഓളം കോളുകളും സന്ദേശങ്ങളുമാണ് ഭീഷണിയായി എത്തിയത്. നിതിൻ്റെ ഫോൺ നമ്പറുകൾ ഹാക്ക് ചെയ്ത സംഘം, നിതിൻ്റെ അധ്യാപികയായ ലതയെ നിരന്തരം വിളിച്ച് ശല്യം ചെയ്തത് യുവാവിനെ വല്ലാതെ തളർത്തിയിരുന്നു. അധ്യാപികയെ ലോൺ സംഘം വിളിച്ചതുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതും നിതിനെ കൂടുതൽ ഭയപ്പെടുത്തിയെന്ന് പോലീസ് കരുതുന്നു. നിതിൻ്റെ മരണത്തിന് കാരണക്കാരായ അധ്യാപകർ ഇപ്പോഴും ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജാതിപരമായ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അധ്യാപകർക്കെതിരെ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ഭീഷണിയുടെ വിവരങ്ങളും പുറത്തുവരുന്നത്. നിസ്സാരമായ തുകയുടെ പേരിൽ ഒരു വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ലോൺ മാഫിയയ്ക്കെതിരെയും, മാനസികമായി പീഡിപ്പിച്ച അധ്യാപകർക്കെതിരെയും ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

About The Author


