US Iran Strike Order Shock

പാകിസ്താനിൽ നടന്ന നിർണ്ണായക സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ ശേഷിക്കുന്ന സൈനിക സംവിധാനങ്ങൾ കൂടി തകർക്കുമെന്ന് ഭീഷണി മുഴക്കിയ ട്രംപ്, ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകി. ഇറാന് ‘നിയമവിരുദ്ധമായ ടോൾ’ നൽകുന്ന കപ്പലുകൾക്ക് സുരക്ഷിതയാത്ര അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാനും യുഎസ് നാവികസേന നടപടികൾ ആരംഭിക്കും.
ആണവ പദ്ധതികളിലെ തർക്കമാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായതെന്ന് അമേരിക്ക ആരോപിക്കുമ്പോൾ, യുഎസിന്റേത് യുക്തിരഹിതമായ ആവശ്യങ്ങളാണെന്ന് ഇറാൻ പ്രതികരിച്ചു. ആണവായുധ മോഹങ്ങൾ ഉപേക്ഷിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് യുഎസ് ഭരണകൂടം കുറ്റപ്പെടുത്തുന്നു. അതേസമയം, ഇറാന്റെ വിശ്വാസം നേടിയെടുക്കാൻ അമേരിക്കൻ പ്രതിനിധി സംഘത്തിന് കഴിഞ്ഞില്ലെന്ന് ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. സമാധാന ചർച്ചകൾ പാളിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധഭീതി ഉയർന്നിരിക്കുകയാണ്. ആഗോള എണ്ണ വിതരണത്തെയും സുരക്ഷയെയും ഈ തീരുമാനം സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

About The Author


