Doctor Burnout Shock Kerala

ആഴ്ചയിൽ നൂറിലധികം മണിക്കൂർ ജോലി ചെയ്യേണ്ടി വന്നതുമൂലമുണ്ടായ ശാരീരിക-മാനസിക സമ്മർദ്ദമാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്ടർ സേതു ലക്ഷ്മിയെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതിശ്രുത വരൻ യദുകൃഷ്ണൻ സനിൽ കുമാർ. യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് സുപ്രീം കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷയിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഔദ്യോഗികമായി 45 മണിക്കൂർ മാത്രം രേഖപ്പെടുത്തുമ്പോൾ യഥാർത്ഥത്തിൽ നൂറിലധികം മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നുവെന്നും, ഇതിനിടെ ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്നും അപേക്ഷയിൽ പറയുന്നു. ആത്മഹത്യാശ്രമത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാൻ പത്തുദിവസം മാത്രം അനുവദിച്ച അധികൃതർ, അല്ലാത്തപക്ഷം 50 ലക്ഷം രൂപ ബോണ്ട് തുകയായി കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. റസിഡന്റ് ഡോക്ടർമാരുടെ ജോലി സമയം ആഴ്ചയിൽ 48 മണിക്കൂറായി നിജപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ 1992-ലെ യൂണിഫോം സെൻട്രൽ റെസിഡൻസി സ്കീം ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിയിലെ ആവശ്യം.

About The Author


