mojtaba-khamenei-critical

യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പിതാവും മുൻ പരമോന്നത നേതാവുമായിരുന്ന ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണ് മൊജ്താബയ്ക്കും പരിക്കേറ്റത്. മുഖം വികൃതമായ നിലയിലാണെന്നും ചികിത്സ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുരുതരാവസ്ഥയിലും ഒട്ടും തളരാതെ, ഓഡിയോ കോൺഫറൻസിങ് വഴി അദ്ദേഹം ഉന്നതതല ഭരണകാര്യങ്ങളിലും അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിലും സജീവമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പുതിയ പരമോന്നത നേതാവായി നിയമിതനായ ശേഷം ഇതുവരെ മൊജ്താബയുടെ ദൃശ്യങ്ങളോ ശബ്ദസന്ദേശങ്ങളോ പുറത്തുവിട്ടിട്ടില്ലാത്തത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

About The Author


