Ambalappuzha election battle

കേരളം ഉറ്റുനോക്കിയ അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ മുന്നണികൾ വിജയസാധ്യതകൾ വിലയിരുത്തുന്നു. പതിറ്റാണ്ടുകളോളം സിപിഎമ്മിന്റെ കോട്ടയായിരുന്ന മണ്ഡലത്തിൽ ഇത്തവണ പാർട്ടി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന ജി. സുധാകരൻ സിപിഎം വിട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ മണ്ഡലം സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറി. പോളിംഗ് ശതമാനം ഉയർന്നതും പാർട്ടി വോട്ടുകളിൽ ഉണ്ടായേക്കാവുന്ന ചോർച്ചയുമാണ് നിലവിൽ സിപിഎം നേതൃത്വത്തെ അലട്ടുന്ന പ്രധാന ഘടകങ്ങൾ. ജയം ഉറപ്പാണെന്ന് ഔദ്യോഗികമായി പറയുമ്പോഴും, അടിയൊഴുക്കുകൾ എങ്ങോട്ടാണെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ വലിയ രീതിയിലുള്ള ചർച്ചകളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. അതേസമയം, തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജി. സുധാകരനും യുഡിഎഫ് ക്യാമ്പും. തന്റെ വ്യക്തിപ്രഭാവവും മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്നും യുഡിഎഫിന്റെ ഉറച്ച വോട്ടുകൾക്കൊപ്പം സിപിഎം വോട്ടുകളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് സുധാകരന്റെ വിലയിരുത്തൽ. അതികായനായ സുധാകരനെ നേരിടാൻ സിപിഎം സർവ്വ സന്നാഹങ്ങളും ഉപയോഗിച്ചാണ് പ്രചാരണം നടത്തിയത്. വലിയ വാക്പോരുകൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും സാക്ഷ്യം വഹിച്ച പ്രചാരണത്തിനൊടുവിൽ ജനവിധി ആർക്കൊപ്പമാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. വോട്ട് വിഹിതത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും അമ്പലപ്പുഴയിൽ നിർണ്ണായകമാകും.

About The Author


