Sreenanda Death Mystery

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതാവുകയും പിന്നീട് കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. കർണാടക പൊലീസിന്റെ പ്രത്യേക അകമ്പടിയോടെയാണ് മൃതദേഹം കേരളത്തിലെത്തിച്ചത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് ഏതാണ്ട് 1500 അടി താഴ്ചയിൽ നിന്നാണ് തെർമൽ ഡ്രോണുകളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. അതീവ ദുഷ്കരമായ പാതയിലൂടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തത്. ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് പ്രാഥമിക ഇൻക്വസ്റ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ മറ്റ് അടയാളങ്ങളോ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. വസ്ത്രത്തിലുണ്ടായ കേടുപാടുകൾ കൊക്കയിലേക്ക് വീഴുമ്പോൾ മരങ്ങളിലും മുള്ളുകളിലും തട്ടി ഉണ്ടായതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കർണാടക പൊലീസിന്റെ സോക്കോ (SOCO) ടീമും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. എങ്കിലും, മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ കുടുംബം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. സുരക്ഷിതമായ ഒരു സ്ഥലത്തുനിന്ന് കുട്ടി ഇത്രയധികം താഴ്ചയിലേക്ക് അബദ്ധത്തിൽ വീഴാൻ സാധ്യതയില്ലെന്നും, ഇതിൽ മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു കർണാടക പൊലീസിന്റെ പരിശോധനകൾ നടന്നത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

About The Author


