Thamarassery Churam Block

താമരശ്ശേരി: വയനാട് ചുരത്തിൽ വീണ്ടും കനത്ത ഗതാഗതക്കുരുക്ക്. ചുരത്തിലെ അഞ്ചാം വളവിന് സമീപം ലോറി കുടുങ്ങിയതും ഏഴാം വളവിൽ ബസ് തകരാറിലായതുമാണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടാൻ കാരണമായത്. വലിയ വാഹനങ്ങൾ വളവുകളിൽ കുടുങ്ങിയതോടെ ഇരുവശങ്ങളിൽ നിന്നുമായി നൂറുകണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതേത്തുടർന്ന് കോഴിക്കോട്-വയനാട് പാതയിൽ യാത്രക്കാർ മണിക്കൂറുകളോളമായി ദുരിതത്തിലാണ്.

ചുരത്തിലെ കൊടുംവളവുകളിൽ വലിയ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നത് നിത്യയാത്രക്കാരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ലക്കിടി മുതൽ അടിവാരം വരെയുള്ള ഭാഗങ്ങളിൽ വലിയ വാഹനനിര രൂപപ്പെട്ടിരിക്കുകയാണ്. നിലവിൽ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ ഗതാഗതം സാധാരണ നിലയിലാകൂ. ചുരം വഴി യാത്ര ചെയ്യുന്നവർ മറ്റ് ബദൽ പാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
About The Author


