Israel Lebanon ceasefire

ലെബനനും ഇസ്രയേലും തമ്മിൽ മാസങ്ങളായി തുടരുന്ന രൂക്ഷമായ സൈനിക സംഘർഷത്തിന് അന്ത്യം കുറിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ നയതന്ത്ര ഇടപെടൽ. വ്യാഴാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപും തമ്മിൽ നടത്തിയ നിർണായക ഫോൺ സംഭാഷണത്തിന് പിന്നാലെ, ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രയേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇസ്രയേൽ ഈ ചർച്ചകൾക്ക് വഴങ്ങിയില്ലെങ്കിൽ അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് ട്രംപ് നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ഈ ‘അന്ത്യശാസനം’ ഉൾക്കൊണ്ട്, ഹിസ്ബുള്ളയുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച വാഷിങ്ടണിൽ വെച്ച് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും. മാർച്ചിൽ ആരംഭിച്ച ആക്രമണങ്ങളിൽ ലെബനനിൽ ഇതിനകം 1,888-ലധികം പേർ കൊല്ലപ്പെടുകയും മേഖലയിലാകെ കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. ലെബനൻ വിഷയത്തെ ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് മാറ്റിനിർത്തണമെന്ന് ഇസ്രയേൽ ആവശ്യപ്പെടുന്നുണ്ടെങ്കിലും, സമാധാനം പുനഃസ്ഥാപിക്കാനുള്ള കടുത്ത സമ്മർദത്തിലാണ് ട്രംപ് ഭരണകൂടം. ഹിസ്ബുള്ളയുടെ സൈനിക ശേഷി നിയന്ത്രിക്കുന്നതും ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകളുമായിരിക്കും വരാനിരിക്കുന്ന ചർച്ചകളിലെ പ്രധാന അജണ്ടകൾ.

About The Author


