RR vs RCB Toss Update

ഐപിഎൽ 19-ാം സീസണിലെ ആവേശകരമായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുന്നോടിയായി പെയ്ത ശക്തമായ മഴ ടോസ് ഒരു മണിക്കൂറോളം വൈകിച്ചു. ടോസ് കഴിഞ്ഞതിന് പിന്നാലെ വീണ്ടും മഴയെത്തിയതോടെ കളി തുടങ്ങുന്നതിലും കാലതാമസമുണ്ടായി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാനും മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരുവും സീസണിൽ ഇതുവരെ തോൽവി അറിയാത്ത ടീമുകളെന്ന ഖ്യാതിയോടെയാണ് ഈ മത്സരത്തിനിറങ്ങുന്നത്.

ഇരു ടീമുകളും നിർണ്ണായക മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. ആർസിബി നിരയിൽ ന്യൂസിലൻഡ് പേസർ ജേക്കബ് ഡഫിക്ക് പകരം പരിചയസമ്പന്നനായ ഓസ്ട്രേലിയൻ താരം ജോഷ് ഹേസൽവുഡ് തിരിച്ചെത്തി. പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ ഹേസൽവുഡിന്റെ സാന്നിധ്യം ആർസിബി ബൗളിംഗ് നിരയ്ക്ക് കരുത്ത് പകരും. രാജസ്ഥാൻ നിരയിൽ തുഷാർ ദേശ്പാണ്ഡെക്ക് പകരം ബ്രിജേഷ് ശർമ്മ പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചു. മുംബൈ ഇന്ത്യൻസിനെ തകർത്തുവിട്ട യശസ്വി ജയ്സ്വാൾ – വൈഭവ് സൂര്യവംശി ഓപ്പണിംഗ് ജോഡിയിലാണ് രാജസ്ഥാൻ ആരാധകരുടെ വലിയ പ്രതീക്ഷ. മറുവശത്ത് വിരാട് കോലിയും ഫിൽ സാൾട്ടും നൽകുന്ന തുടക്കം മുതലെടുക്കാൻ ദേവ്ദത്ത് പടിക്കൽ, ക്യാപ്റ്റൻ രജത് പാട്ടിദാർ തുടങ്ങിയ വൻനിര തന്നെ ബെംഗളൂരുവിനുണ്ട്. ചരിത്രപരമായി നോക്കിയാൽ ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ 34 മത്സരങ്ങളിൽ 17 എണ്ണത്തിൽ ബെംഗളൂരുവും 14 എണ്ണത്തിൽ രാജസ്ഥാനും വിജയിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങൾ മഴ മൂലം ഉപേക്ഷിച്ചു. നിലവിൽ റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ ടീം ചെന്നൈ, ഗുജറാത്ത്, മുംബൈ ടീമുകളെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ്. രജത് പാട്ടിദാറിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരുവാകട്ടെ നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ തങ്ങളുടെ ജൈത്രയാത്ര തുടരാനാണ് ലക്ഷ്യമിടുന്നത്. മഴ കളിച്ച മത്സരത്തിൽ പിച്ചിന്റെ ഈർപ്പം മുതലെടുക്കുക എന്ന തന്ത്രവുമായാണ് രാജസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തത്.
About The Author


