Shaun George Complaint

കോട്ടയം: കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വന്ന മുഖപ്രസംഗത്തിനെതിരെ സീറോ മലബാർ സഭാ നേതൃത്വത്തെ നേരിൽക്കണ്ട് പരാതി അറിയിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലായിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഷോൺ ജോർജ്. സഭയുടെ ഉന്നത നേതൃത്വവുമായി വിഷയം സംസാരിച്ചെന്നും തന്റെ ആശങ്കകൾ അവർ ശ്രദ്ധയോടെ കേട്ടതായും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. പരാതി രേഖാമൂലം എഴുതി നൽകാൻ സഭാനേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദീപിക പത്രം ചില രാഷ്ട്രീയ പാർട്ടികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.സഭയുടെ ഔദ്യോഗിക നിലപാട് ഇതാണെങ്കിൽ തങ്ങൾക്കും സഭയെ വേണ്ടെന്ന് വെക്കേണ്ടി വരുമെന്ന കടുത്ത ഭാഷയിലാണ് ഷോൺ ജോർജ് പ്രതികരിച്ചത്. “സഭയ്ക്കുവേണ്ടി എപ്പോഴും വാദിക്കുന്ന തന്നോട്, സഭയിൽ നിന്ന് തിരികെ എന്ത് ലഭിച്ചുവെന്ന് അമിത് ഷാ ചോദിച്ചാൽ താൻ എന്ത് മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു. സഭയുടെ മുഖപത്രം നിഷ്പക്ഷമായി നിൽക്കണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി വിടുപണി ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്സിആർഎ (FCRA) നിയമത്തിലെ മാറ്റങ്ങൾ ഉൾപ്പെടെ സഭയ്ക്ക് അനുകൂലമായ കാര്യങ്ങൾ ചെയ്യിപ്പിച്ചത് തങ്ങളുടെ സമ്മർദ്ദപ്രകാരമാണെന്നും ഷോൺ അവകാശപ്പെട്ടു. കെ.സി. വേണുഗോപാലിനെപ്പോലെയുള്ള നേതാക്കളെക്കൊണ്ട് സഭയ്ക്ക് എന്ത് പ്രയോജനമാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു

About The Author


