
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടുകൾക്കും കോൺഗ്രസിന്റെ നേതൃത്വത്തിലെ അവ്യക്തതയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എം.പി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരെ മുഖ്യമന്ത്രിയാക്കുമെന്ന് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി. സതീശന്റെ ‘വനവാസം’ പ്രഖ്യാപനം അപക്വവും രാഷ്ട്രീയ പരിഹാസ്യവുമാണെന്നും, ജനവിധി തേടും മുൻപ് തന്നെ അധികാരം പങ്കിടുന്നതിനെ ചൊല്ലിയുള്ള തർക്കം യു.ഡി.എഫിൽ തുടങ്ങിക്കഴിഞ്ഞതായും റഹീം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.യു.ഡി.എഫിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി വലിയ ആശയക്കുഴപ്പമാണുള്ളതെന്ന് റഹീം ചൂണ്ടിക്കാട്ടി. ഒരു വശത്ത് വി.ഡി. സതീശനും മറുവശത്ത് കെ. സുധാകരനും അടക്കമുള്ളവർ നേതൃസ്ഥാനത്തിനായി പരോക്ഷമായി കൊമ്പുകോർക്കുമ്പോൾ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവരികയാണ്. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ താൻ മുഖ്യമന്ത്രിയാകുമെന്ന് സ്വയം പ്രഖ്യാപിക്കുന്നത് പോലെയുള്ള സതീശന്റെ സമീപനം രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും, ഇത്തരം പ്രസ്താവനകൾ ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പരിഹസിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം അപ്രസക്തമായ ചർച്ചകളിലൂടെ ശ്രദ്ധ തിരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും റഹീം കൂട്ടിച്ചേർത്തു.

About The Author


