Michael Patrick Death Shock

മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന രോഗാവസ്ഥയുമായി വർഷങ്ങളായി പൊരുതിയിരുന്ന മൈക്കൽ പാട്രിക് 2026 ഏപ്രിലിലാണ് ഈ ലോകത്തോടു വിടപറഞ്ഞത്. 2023 ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങളെ ബാധിക്കുന്ന ഈ രോഗം ക്രമേണ അദ്ദേഹത്തിന്റെ ചലനശേഷിയെ തളർത്തിയിരുന്നു. പത്ത് ദിവസം മുമ്പ് നോർത്തേൺ അയർലൻഡ് ഹോസ്പീസിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സമാധാനപരമായാണ് വിടവാങ്ങിയതെന്ന് നവോമി തന്റെ കുറിപ്പിൽ പറഞ്ഞു. “ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുകയാണ്, അത് വിവരിക്കാൻ വാക്കുകളില്ല” എന്നായിരുന്നു നവോമിയുടെ വൈകാരികമായ വാക്കുകൾ.

ഗെയിം ഓഫ് ത്രോൺസിന്റെ ആറാം സീസണിലെ ‘ദി ബ്രോക്കൺ മാൻ’ എന്ന എപ്പിസോഡിലെ വൈൽഡിംഗ് റൈട്ടർ (Wildling Rioter) എന്ന വേഷം അദ്ദേഹത്തെ ആഗോളതലത്തിൽ പരിചിതനാക്കി. അഭിനയത്തിന് പുറമെ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു മൈക്കൽ. സ്വന്തം കൗമാരകാലത്തെ അനുഭവങ്ങൾ പ്രമേയമാക്കി അദ്ദേഹം രചിച്ച ‘മൈ ലെഫ്റ്റ് നട്ട്’ എന്ന ബിബിസി പരമ്പര ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതനായിരിക്കുമ്പോഴും കലയോടുള്ള അദ്ദേഹത്തിന്റെ ആവേശം അവസാനിച്ചിരുന്നില്ല. തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെച്ചിരുന്നു. ജീവിതത്തെ പ്രത്യാശയോടെയും ചിരിയോടെയും നേരിട്ട മൈക്കൽ പാട്രിക് കലാലോകത്തിന് വലിയൊരു നഷ്ടമാണ്.
About The Author


