Sabarimala Hearing Extended

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നടത്തുന്ന വാദം നിശ്ചയിച്ച സമയപരിധിക്കപ്പുറം നീളാൻ സാധ്യത. യുവതി പ്രവേശനത്തെ എതിർക്കുന്ന കക്ഷികളുടെ വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നടപടികൾ നീണ്ടുപോകുന്നത്. ഈ മാസം എട്ട് ദിവസമാണ് ആകെ വാദത്തിനായി നിശ്ചയിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യത്തിൽ വാദം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് വ്യക്തമായിരിക്കുകയാണ്. കേന്ദ്ര സർക്കാർ, എൻ.എസ്.എസ് (NSS) തുടങ്ങിയ പ്രമുഖ കക്ഷികളുടെ വാദങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ, ക്ഷേത്രം തന്ത്രി എന്നിവരടക്കം മുപ്പതിലധികം കക്ഷികളുടെ വാദങ്ങൾ കൂടി കോടതിക്ക് കേൾക്കേണ്ടതുണ്ട്.

അടുത്ത ചൊവ്വാഴ്ച മുതൽ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അംബേദ്കർ ജയന്തി പ്രമാണിച്ച് കോടതിക്ക് അവധി ആയതിനാലും, എതിർക്കുന്നവരുടെ വാദം പൂർത്തിയാകാത്തതിനാലും ഏപ്രിൽ 15-ന് വീണ്ടും വാദം പുനരാരംഭിക്കുമ്പോൾ എതിർകക്ഷികൾക്കായിരിക്കും അവസരം ലഭിക്കുക. ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി തന്റെ വാദങ്ങൾക്കായി രണ്ടു ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഈ മാസം അവസാനം വരെ കേസിൽ വാദം തുടരാനാണ് സാധ്യത കാണുന്നത്. വാദം കേൾക്കുന്നതിനിടെ സുപ്രധാനമായ ചില നിരീക്ഷണങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ക്ഷേത്രങ്ങളിൽ ആരാണ് പ്രവേശിക്കേണ്ടതെന്ന് ആ വിഭാഗത്തിൽപ്പെട്ടവരാണ് തീരുമാനിക്കേണ്ടതെന്ന എൻ.എസ്.എസിന്റെ വാദത്തോട് ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രത്യേക വിഭാഗങ്ങളെ ആരാധനാലയങ്ങളിൽ നിന്ന് വിലക്കുന്നത് ഹിന്ദുമതത്തിന്റെ അന്തസ്സത്തയ്ക്ക് ചേർന്നതല്ലെന്നും എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം അനുവദിക്കുന്നതാണ് ഉചിതമെന്നും അവർ നിരീക്ഷിച്ചു. എന്നാൽ, ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രത്യേക ആചാരങ്ങളുണ്ടെന്നും വിശ്വാസികൾ അത് പാലിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു. കൂടാതെ, മതപരമായ വിഷയങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഒരു അവിശ്വാസിക്കും അവകാശമുണ്ടെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അഭിപ്രായപ്പെട്ടു.
About The Author


