Ganesh Kumar Predicts Win

കൊല്ലം പത്തനാപുരത്ത് ഇത്തവണയും എൽ.ഡി.എഫിന്റെ ആധിപത്യം തുടരുമെന്നും താൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. വോട്ടെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ പത്തനാപുരത്തെ വോട്ടർമാർ തന്നെ സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പോളിങ് ശതമാനത്തിൽ വ്യത്യാസങ്ങൾ വന്നാലും അത് തന്റെ വിജയത്തെ ബാധിക്കില്ലെന്നും, പത്തനാപുരത്തെ ജനങ്ങളുടെ പിന്തുണയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. സംസ്ഥാനത്ത് ഉടനീളം എൽ.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്നും കേരളത്തിൽ ഒരു ഭരണത്തുടർച്ച ഉറപ്പാണെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

തനിക്കെതിരെ മത്സരിക്കുന്ന എതിർ സ്ഥാനാർത്ഥികൾ രാഷ്ട്രീയ പോരാട്ടത്തിന് പകരം വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നതെന്ന് ഗണേഷ് കുമാർ വിമർശിച്ചു. എന്നാൽ ഇത്തരം തരംതാണ നീക്കങ്ങൾ പത്തനാപുരത്തെ പ്രബുദ്ധരായ ജനങ്ങൾ അംഗീകരിക്കില്ല. തിരഞ്ഞെടുപ്പിൽ ആര് മത്സരിച്ചാലും അവരോട് തനിക്ക് വ്യക്തിപരമായ ശത്രുതയില്ലെന്നും എന്നാൽ തന്റെ വികസന പ്രവർത്തനങ്ങൾക്കും ജനകീയ ഇടപെടലുകൾക്കും വോട്ടർമാർ മാർക്കിടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തരംഗവുമില്ലെന്ന് അവകാശപ്പെടുന്നവർക്ക് തെറ്റിയെന്നും ജനക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും പത്തനാപുരത്തെ തന്റെ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ആർക്കും കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു
About The Author


