Palakkad Election Fake Video Row

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തു എന്നാരോപിച്ച് കോൺഗ്രസ് പുറത്തുവിട്ട വീഡിയോയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. താൻ സഞ്ചരിച്ച കാറിലുണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം നൽകി എന്നാരോപിക്കുന്ന വീഡിയോ ആർട്ടിഫിഷ്യലോ എഡിറ്റ് ചെയ്തതോ ആണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും അവർ ആരോപിച്ചു. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ വിജയിച്ച് വികസന പദ്ധതികൾ കൊണ്ടുവരുന്നത് തടയാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകളാണ് ഇത്തരം കള്ളപ്രചാരണങ്ങൾക്ക് പിന്നിലെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ, ക്യാൻസർ രോഗിയെ സന്ദർശിക്കാനാണ് താൻ ആ പ്രദേശത്ത് പോയതെന്ന് വിശദീകരിച്ചു. കോൺഗ്രസ് പ്രവർത്തകർ തന്നെ നിരന്തരമായി പിന്തുടരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിനാലാണ് താൻ രൂക്ഷമായി പ്രതികരിക്കേണ്ടി വന്നതെന്നും അവർ കൂട്ടിചേർത്തു. അതേസമയം, സംഭവത്തിൽ ജില്ലാ കളക്ടർ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആരോപണവിധേയമായ വീഡിയോ ദൃശ്യങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
About The Author


