Kerala Election 2026 Voting Boost

കേരളത്തിന്റെ വികസന തുടർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും നിർണ്ണായകമായ വോട്ടെടുപ്പാണ് നടക്കുന്നതെന്നും സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് യാതൊരുവിധ ഇടവേളകളും ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പിണറായിലെ ആർ.സി അമല ബേസിക് യു.പി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ പ്രചാരണങ്ങൾ കൊണ്ടോ പണം ഒഴുക്കിയോ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരെ സ്വാധീനിക്കാൻ ആർക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള മതേതര മൂല്യങ്ങളും വികസന അജണ്ടകളും ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങൾ വൻ ഭൂരിപക്ഷം നൽകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. അനാവശ്യ വിവാദങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

About The Author


