Women's Reservation Big Win

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരി ശക്തി വന്ദൻ അധിനിയം’ നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികൾക്കും ഡിലിമിറ്റേഷൻ (മണ്ഡല പുനർനിർണ്ണയം) ബില്ലിനും അംഗീകാരം നൽകി. പുതിയ ഭേദഗതി പ്രകാരം 2011-ലെ സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിലുള്ള സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടായിരിക്കും സംവരണം നടപ്പിലാക്കുക എന്നത് ഈ നീക്കത്തിലെ ശ്രദ്ധേയമായ കാര്യമാണ്. ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് 816 ആയി ഉയർത്താനാണ് ശുപാർശ. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും.
ഏപ്രിൽ 16 മുതൽ 18 വരെ ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഈ ബില്ലുകൾ അവതരിപ്പിക്കും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി നിലവിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും മൂന്നിലൊന്ന് വനിതാ സംവരണം ബാധകമായിരിക്കും. സ്ത്രീസംവരണ ബില്ലിന് 2023 സെപ്റ്റംബറിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയത്. അന്നത്തെ നിയമമാണിപ്പോൾ വീണ്ടും ഭേദഗതി ചെയ്യുന്നതും സീറ്റുകൾ വർധിപ്പിക്കുന്നതും. . ഈ ചരിത്രപരമായ നിയമഭേദഗതി രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് പുതിയ വേഗത നൽകുമെന്നും ഭരണരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതിൽ വർദ്ധിപ്പിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
About The Author


