SC Vs Govt Superstition Row

മതപരമായ ആചാരങ്ങളിൽ അന്ധവിശ്വാസങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലാണ് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരും കോടതിയും തമ്മിൽ വാദപ്രതിവാദങ്ങൾ നടന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നിലവിൽ ഈ വാദം കേൾക്കുന്നത്.

മതപരമായ ആചാരങ്ങൾ കേവലം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാൻ മതേതര കോടതികൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ജഡ്ജിമാർക്ക് നിയമത്തിൽ മാത്രമാണ് പാണ്ഡിത്യമുള്ളതെന്നും മതം, വിശ്വാസം എന്നിവയിൽ പണ്ഡിതന്മാരല്ലാത്ത കോടതികൾക്ക് ആചാരങ്ങളുടെ സാധുത പരിശോധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 25(2)(b) അനുച്ഛേദം അനുസരിച്ച് ആചാരങ്ങളിൽ പരിഷ്കരണം കൊണ്ടുവരാൻ നിയമനിർമ്മാണ സഭകൾക്കാണ് (Legislature) അധികാരമെന്നും, കോടതികൾ ഈ വിഷയത്തിൽ ഇടപെടുന്നത് ഉചിതമല്ലെന്നും കേന്ദ്രം നിലപാടെടുത്തു.
എന്നാൽ, കേന്ദ്രത്തിന്റെ ഈ വാദങ്ങളെ സുപ്രീംകോടതി തള്ളി. നിയമനിർമ്മാണ സഭയുടെ തീരുമാനങ്ങൾ അന്തിമമല്ലെന്നും ജുഡീഷ്യൽ റിവ്യൂവിലൂടെ ആചാരങ്ങളിലെ അന്ധവിശ്വാസം കണ്ടെത്താൻ കോടതിക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള നിരീക്ഷിച്ചു. പൊതുക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വിരുദ്ധമായ ആചാരങ്ങളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാൻ കോടതിക്ക് കഴിയുമെന്ന് ബെഞ്ച് വ്യക്തമാക്കി. നരബലി, മന്ത്രവാദം തുടങ്ങിയ ആചാരങ്ങൾ മതത്തിന്റെ പേരിൽ നടന്നാൽ അത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അത്തരം സാഹചര്യങ്ങളിൽ കോടതിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
About The Author


