TMC vs CEC Clash Shocks

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറും തൃണമൂൽ കോൺഗ്രസ് (TMC) പ്രതിനിധികളും തമ്മിൽ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ നാടകീയ രംഗങ്ങൾ. ഏഴ് മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ചക്കൊടുവിൽ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ തങ്ങളോട് ‘ഇറങ്ങിപ്പോകാൻ’ (Get Lost) ആക്രോശിച്ചതായി തൃണമൂൽ നേതാക്കൾ ആരോപിച്ചു. ബംഗാളിലെ ഉദ്യോഗസ്ഥ സ്ഥലംമാറ്റവും വോട്ടർ പട്ടികയിലെ ക്രമക്കേടുകളും സംബന്ധിച്ച പരാതികൾ ഉന്നയിക്കാനാണ് ഡെറിക് ഒബ്രിയാൻ്റെ നേതൃത്വത്തിലുള്ള സംഘം കമ്മിഷനെ സമീപിച്ചത്. എന്നാൽ കമ്മിഷൻ്റെ ഭാഗത്തുനിന്ന് തികച്ചും ഏകപക്ഷീയമായ നിലപാടാണ് ഉണ്ടായതെന്നും, ബിജെപി നേതാക്കൾ എഴുതിക്കൊടുക്കുന്നതിനനുസരിച്ചാണ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്നും തൃണമൂൽ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, തൃണമൂൽ നേതാക്കളുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ തള്ളിക്കളഞ്ഞു. ചീഫ് ഇലക്ഷൻ കമ്മിഷണറോട് ഡെറിക് ഒബ്രിയാൻ മോശമായി പെരുമാറിയെന്നും സംസാരിക്കാൻ അനുവദിക്കാതെ ബഹളം വെച്ചെന്നുമാണ് കമ്മിഷൻ്റെ വിശദീകരണം. യോഗത്തിനിടയിൽ മര്യാദ പാലിക്കാൻ കമ്മിഷണർ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് കടുത്ത ഭാഷയിൽ മറുപടിയുമായി കമ്മിഷൻ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഇത്തവണ പശ്ചിമ ബംഗാളിൽ ഭയരഹിതവും അക്രമരഹിതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും ബൂത്ത് പിടുത്തവും കള്ളവോട്ടും അനുവദിക്കില്ലെന്നും കമ്മിഷൻ ‘സ്ട്രെയിറ്റ് ടോക്ക്’ (Straight-talk) എന്ന പേരിൽ നൽകിയ കുറിപ്പിൽ വ്യക്തമാക്കി. ഏപ്രിൽ 23, 29 തീയതികളിലാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്.
About The Author


