Hormuz Toll Plan Shock

ഇറാൻ യുദ്ധം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിൽ വൻ സാമ്പത്തിക നിയന്ത്രണങ്ങൾ വരുന്നു. സമുദ്രവ്യാപാര പാതയിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ കപ്പലിനും രണ്ട് മില്യൺ യുഎസ് ഡോളർ (ഏകദേശം 16 കോടിയിലധികം രൂപ) ടോൾ ഏർപ്പെടുത്താനാണ് ഇറാന്റെ നീക്കം. രണ്ടാഴ്ചത്തെ വെടിനിർത്തൽ ധാരണ പ്രകാരം രൂപീകരിച്ച ഈ ‘നിയന്ത്രിത ഗതാഗത’ സംവിധാനം ഇറാനിയൻ സായുധ സേന നേരിട്ടായിരിക്കും നിയന്ത്രിക്കുകയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായുള്ള കരട് ബില്ലിന് ഇറാൻ പാർലമെന്റ് ഇതിനോടകം തന്നെ അംഗീകാരം നൽകിക്കഴിഞ്ഞു. യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെത്തുടർന്ന് തകർന്നടിഞ്ഞ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനായുള്ള ഫണ്ട് കണ്ടെത്താനാണ് ഈ ടോൾ വരുമാനം ഉപയോഗിക്കുകയെന്ന് ഇറാൻ വ്യക്തമാക്കുന്നു. എന്നാൽ ഈ ടോൾ ഏർപ്പെടുത്തുന്നതിലൂടെ ആഗോള എണ്ണവിലയിലും ചരക്ക് നീക്കത്തിലും ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാജ്യങ്ങൾ ആശങ്കയിലാണ്. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കങ്ങൾ വെടിനിർത്തലിന് പിന്നാലെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഹോർമുസിലെ ഗതാഗത സ്തംഭനം ഒഴിവാക്കാൻ യുഎസ് ഇടപെടുമെന്ന് പ്രഖ്യാപിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മേഖലയിൽ വൻതോതിൽ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ തെളിയുകയാണെന്ന് അഭിപ്രായപ്പെട്ടു. ഇറാന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സാധിക്കുമെന്നും എല്ലാം ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസ് സാന്നിധ്യം അവിടെയുണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മിഡിൽ ഈസ്റ്റിന്റെ ‘സുവർണ്ണ കാലഘട്ടം’ വരാനിരിക്കുകയാണെന്നാണ് ട്രംപിന്റെ അവകാശവാദം. ഹോർമുസ് കടലിടുക്ക് അമേരിക്ക-ഇറാൻ സംയുക്ത നിയന്ത്രണത്തിൽ വരുമെന്ന് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നുവെങ്കിലും, ഇറാന്റെ ഔദ്യോഗിക നിലപാട് ഇക്കാര്യത്തിൽ ഇതുവരെ പുറത്തുവന്നിട്ടില്ല. കടലിടുക്കിലെ ടോൾ പിരിവും നിയന്ത്രണവും സംബന്ധിച്ച അവകാശവാദങ്ങൾ വരും ദിവസങ്ങളിൽ വലിയ അന്താരാഷ്ട്ര ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും വഴിതെളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

About The Author


