Kerala Election: Massive Guard!

ആവേശകരമായ പരസ്യപ്രചാരണത്തിന് വിരാമമിട്ട് കേരളം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ, അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. വീടുകൾ നേരിട്ട് സന്ദർശിച്ചും പ്രധാന വ്യക്തികളെ കണ്ട് പിന്തുണ തേടിയും വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാന ഘട്ട നീക്കങ്ങളാണ് ഇന്ന് നടക്കുന്നത്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 2500 പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് 140 കമ്പനി കേന്ദ്ര സേനയെയും തമിഴ്നാട് പോലീസിൽ നിന്നുള്ള 20 കമ്പനിയെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. അക്രമ സാധ്യത നിലനിൽക്കുന്ന കണ്ണൂർ ജില്ലയിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടരുതെന്ന് ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്. എക്സിറ്റ് പോളുകൾക്കും ഈ സമയപരിധിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കടുത്ത പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. മധ്യകേരളത്തിലെ 50 മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന ശുഭപ്രതീക്ഷയിലാണ് എൽ.ഡി.എഫും യു.ഡി.എഫും. അതേസമയം തൃശ്ശൂർ, മണലൂർ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാകുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു. വടക്കൻ കേരളത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വിധി നിർണ്ണയിക്കാൻ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

About The Author


