RBI Repo Rate Shock

ഇറാൻ-ഇസ്രായേൽ സംഘർഷവും രൂപയുടെ മൂല്യത്തകർച്ചയും സൃഷ്ടിക്കുന്ന കടുത്ത വെല്ലുവിളികൾക്കിടയിൽ, ഇത്തവണത്തെ പണനയ യോഗത്തിലും ആർബിഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കില്ല. പണപ്പെരുപ്പം നിയന്ത്രിക്കാനും സാമ്പത്തിക വളർച്ച നിലനിർത്താനുമുള്ള ‘നിഷ്പക്ഷ’ നിലപാടായിരിക്കും റിസർവ് ബാങ്ക് സ്വീകരിക്കുക. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയത് രാജ്യത്തെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കും. ഒപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവോടെ 95 എന്ന നിലവാരത്തിലേക്ക് താഴ്ന്നതും തിരിച്ചടിയാണ്. ‘സൂപ്പർ എൽ നിനോ’ മൂലം കാലവർഷം ദുർബലമാകാൻ സാധ്യതയുള്ളതിനാൽ ഭക്ഷ്യവില വർദ്ധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. നിലവിൽ 5.25 ശതമാനമാണ് റിപ്പോ നിരക്ക്. പലിശ നിരക്കിൽ മാറ്റമില്ലാത്തത് ഭവന, വാഹന വായ്പയെടുത്തവർക്ക് ഇ.എം.ഐ കൂടില്ലെന്ന ആശ്വാസം നൽകുമെങ്കിലും നിക്ഷേപകർക്ക് പുതിയ നേട്ടങ്ങളുണ്ടാകില്ല. എങ്കിലും 2026-27 സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം ജിഡിപി വളർച്ച നേടാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ആർബിഐ. രൂപയുടെ മൂല്യം നിലനിർത്താൻ സ്വർണ്ണ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾക്കും സാധ്യതയുണ്ട്.

About The Author


