Messi Kerala Protest Shock

അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം ലംഘിച്ച കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ തിരൂരിൽ യുഡിഎഫിന്റെ പരിഹാസ രൂപേണയുള്ള പ്രതിഷേധം. മെസ്സിയുടെ പ്രതീകാത്മക രൂപം അണിനിരത്തിയാണ് യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. തിരൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഈ ‘സിംബോളിക് സ്ട്രൈക്കിൽ’ പത്ത് ആഡംബര കാറുകളും ബോഡിഗാർഡുകളും അർജന്റീന ജേഴ്സിയണിഞ്ഞ നൂറുകണക്കിന് യുവാക്കളും പങ്കെടുത്തു. മെസ്സി കേരളത്തിലേക്ക് വരില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മെസ്സി പണം വാങ്ങി ചതിച്ചെന്ന മന്ത്രിയുടെ പ്രസ്താവന ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് നടത്തിയ വെറും വാഗ്ദാനമായിരുന്നു ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നടുവിലങ്ങാടിയിൽ നിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ച റാലി, മന്ത്രിയുടെ വാഗ്ദാന ലംഘനത്തെ ജനമധ്യത്തിൽ തുറന്നുകാട്ടാനാണ് ലക്ഷ്യമിട്ടത്. തിരഞ്ഞെടുപ്പ് ചൂടിലായ തിരൂരിൽ ഫുട്ബോൾ രാഷ്ട്രീയവും വലിയ ചർച്ചാവിഷയമായി മാറുകയാണ്.

About The Author


