Modi Crystal Lotus Shock

തിരുവല്ലയിൽ ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ പ്രചാരണ പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനംകവർന്ന് കറങ്ങുന്ന ക്രിസ്റ്റൽ താമര. സ്റ്റേജിന് പിന്നിലെ ഗ്രീൻ റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഫെങ് ഷൂ ഇനത്തിൽപ്പെട്ട ഈ മനോഹരമായ ക്രിസ്റ്റൽ പേപ്പർ വെയ്റ്റ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. മനോഹരമായി കറങ്ങുന്ന ഈ ശില്പത്തിന്റെ ഭംഗി ഇഷ്ടപ്പെട്ട പ്രധാനമന്ത്രി, പരിപാടി കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ എസ്പിജി ഉദ്യോഗസ്ഥർ വഴി ഇത്തരത്തിലുള്ള രണ്ട് താമരകൾ കൂടി എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രധാനമന്ത്രിയുടെ താല്പര്യം അറിഞ്ഞയുടൻ തന്നെ സംഘാടകർ തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള കടയിൽ നിന്നും ഇത്തരത്തിലുള്ള രണ്ട് ക്രിസ്റ്റൽ താമരകൾ കൂടി സംഘടിപ്പിച്ചു. ഇത് പിന്നീട് തിരുവല്ല പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വെച്ച് എസ്പിജി ഉദ്യോഗസ്ഥർക്ക് കൈമാറി. ഗ്രീൻ റൂമിൽ ഒരുക്കിയ ഒരു ചെറിയ വസ്തുവിനോട് പ്രധാനമന്ത്രി കാണിച്ച ഈ പ്രത്യേക താല്പര്യം സംഘാടകരെയും ഏറെ സന്തോഷിപ്പിച്ചു. 16 ദളങ്ങളുള്ള, പീഠത്തിൽ ഉറപ്പിച്ചു നിർത്താവുന്ന ഈ ക്രിസ്റ്റൽ താമര ഒരേ സമയം മനോഹരമായ ഒരു അലങ്കാരവസ്തുവും പോസിറ്റീവ് എനർജി നൽകുന്ന ഫെങ് ഷൂ ചിഹ്നവുമാണ്.
തിരുവല്ലയിൽ നടന്ന പൊതുസമ്മേളനത്തിൽ ആറന്മുള കണ്ണാടിയും പടയണി തപ്പും ഉൾപ്പെടെയുള്ള വിവിധ സമ്മാനങ്ങൾ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നുവെങ്കിലും, യാദൃച്ഛികമായി കണ്ട ഈ ക്രിസ്റ്റൽ താമരയാണ് അദ്ദേഹത്തിന്റെ കൗതുകം ഉണർത്തിയത്. കേരളത്തിന്റെ സ്വീകരണത്തിലും സമ്മാനങ്ങളിലും ഏറെ സംതൃപ്തനായാണ് അദ്ദേഹം മടങ്ങിയതെന്ന് ബിജെപി പ്രവർത്തകരും വ്യക്തമാക്കി.

https://www.instagram.com/media7onlive/p/DWyFFQLjjeR/
https://www.facebook.com/share/p/17TngCfXNL/
About The Author


