Ranjith Denied Bail in Assault Case

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ പ്രശസ്ത ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിന് കോടതിയിൽ നിന്നും കനത്ത തിരിച്ചടി. എറണാകുളം സിജെഎം കോടതി രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും തിങ്കളാഴ്ച വരെ റിമാൻഡ് നീട്ടുകയും ചെയ്തു. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന അദ്ദേഹത്തെ ശനിയാഴ്ച നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി, കേസിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും ആവശ്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ രഞ്ജിത്തിന് തിങ്കളാഴ്ച വരെ ജയിലിൽ തുടരേണ്ടി വരും.
ഫോർട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ജനുവരി 28-ന് കാരവനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവനടിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച തൊടുപുഴയിൽ നിന്നാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുൻപും സമാനമായ ആരോപണങ്ങൾ നേരിട്ടിട്ടുള്ള വ്യക്തിയായതിനാൽ അന്വേഷണം കർശനമായി തുടരാനാണ് പോലീസിന്റെ തീരുമാനം.

https://www.instagram.com/media7onlive/p/DWsxhvOkVAN/
About The Author


