Kerala Govt Restricts Bouncers at Public Events

സംസ്ഥാനത്തെ പൊതുപരിപാടികളിലും സെലിബ്രിറ്റി സുരക്ഷാ രംഗത്തും സജീവമായിരുന്ന സ്വകാര്യ ബൗൺസർമാർക്ക് കർശന നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലെ ക്രമസമാധാന ചുമതലയോ സുരക്ഷയോ ഇനിമുതൽ സ്വകാര്യ ബൗൺസർമാരെ ഏൽപ്പിക്കേണ്ടതില്ലെന്ന് ആഭ്യന്തര സെക്രട്ടറി മാർഗനിർദേശം നൽകി. ഇത്തരം പരിപാടികളിൽ ബൗൺസർമാരുടെ ഇടപെടൽ പലപ്പോഴും സംഘർഷങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. സെലിബ്രിറ്റികൾക്ക് സുരക്ഷ നൽകുന്നു എന്ന പേരിൽ ബൗൺസർമാർ കാട്ടുന്ന അമിതാധികാരവും കടന്നുകയറ്റവും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെപ്പോലും തടസ്സപ്പെടുത്തുന്നതായും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തെ ബാധിക്കുന്നതായും സർക്കാർ വിലയിരുത്തി.
പൊതുജനങ്ങളുമായുള്ള ഇടപഴകലിൽ ബൗൺസർമാർ സ്വീകരിക്കുന്ന പരുക്കൻ രീതികൾ വലിയ വിമർശനങ്ങൾക്ക് വഴിമാറിയിരുന്നു. ചില ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിച്ചത് വിവാദമായ പശ്ചാത്തലത്തിൽ ഹൈക്കോടതിയും ഇതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ പൊതുപരിപാടികളിലെ സുരക്ഷയും നിയന്ത്രണവും പോലീസിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സ്വകാര്യ ഏജൻസികളുടെ ‘ബൗൺസർ’ സംസ്കാരം പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമാകുന്നത് അനുവദിക്കാനാവില്ലെന്നും, സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണമായും നിയമവ്യവസ്ഥയ്ക്ക് വിധേയമായിരിക്കണമെന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

https://www.instagram.com/media7onlive/p/DWnhpwjDoTg/
About The Author


