Konni Police Assault കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ കേരളത്തിൽ വ്യാപക ചർച്ചയാകുകയാണ്. വ്യാജപരാതിയും കസ്റ്റഡി നടപടികളും സംബന്ധിച്ച ഗുരുതര ആരോപണങ്ങൾക്കിടയിൽ അന്വേഷണം കൂടുതൽ ശ്രദ്ധ നേടുകയാണ്.
വ്യാജപരാതിയും കസ്റ്റഡി നടപടികളും ചർച്ചയാകുന്നു | Konni Police Assault
പത്തനംതിട്ട കോന്നിയിൽ സഹപാഠികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിന് നേരെ കോന്നി പൊലീസിന്റെ ക്രൂര മർദ്ദനം. ബൈപാസ് സർജറി കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും പൊലീസ് തനിക്കെതിരെ ക്രൂരമായ മൂന്നാംമുറ പ്രയോഗിച്ചതായി യുവാവ് വെളിപ്പെടുത്തി. കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചെന്നും, മുടിയിൽ പിടിച്ചുവലിച്ചും ചെവിയിൽ പിടിച്ച് കറക്കിയും പൊലീസ് ക്രൂരമായി ഉപദ്രവിച്ചെന്നാണ് യുവാവിന്റെ ഗുരുതരമായ ആരോപണം. കഴിഞ്ഞ മൂന്നാം തീയതി വൈകിട്ട് കസ്റ്റഡിയിലെടുത്ത യുവാവിനെ ഇന്നലെ വൈകിട്ടാണ് പൊലീസ് വിട്ടയച്ചത്. ഈ സമയമത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടെ സ്റ്റേഷനിൽ തടഞ്ഞുവെച്ചിരുന്നതായും, ആളുമാറി തന്റെ സഹോദരനെയും പൊലീസ് പിടിച്ചുകൊണ്ടുവന്ന് പിന്നീട് വിട്ടയച്ചതായും യുവാവ് വിശദമാക്കി.
ഒമ്പതാം ക്ലാസുകാരിയായ പെൺകുട്ടി സഹപാഠിയുമായി ബ്രേക്ക്അപ്പ് ആയതിന്റെ വൈരാഗ്യത്തിലാണ് പത്തുപേർക്കെതിരെ കെട്ടിച്ചമച്ച പീഡനപരാതി നൽകിയതെന്ന് പൊലീസ് അന്വേഷണത്തിൽ പിന്നീട് വ്യക്തമായി. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ചൈൽഡ് ഹെൽപ് ലൈൻ വഴിയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രായപൂർത്തിയാകാത്ത നാല് കുട്ടികളുൾപ്പെടെ ആറുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് തെളിയുകയും, ചോദ്യംചെയ്യലിൽ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തുകയും ചെയ്തതോടെയാണ് പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടത്. ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന ആറുപേരെയും വിട്ടയച്ചെങ്കിലും, നിരപരാധിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടി ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. പെൺകുട്ടി വ്യാജപരാതിയിലേക്ക് നീങ്ങിയ സാഹചര്യം വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
കൂടുതൽ വിവരങ്ങൾ Media7news.com-ൽ വായിക്കുക.
ഔദ്യോഗിക വിവരങ്ങൾക്ക് Kerala Police സന്ദർശിക്കാം.
വാർത്തകൾ ഇനി ഇൻസ്റ്റഗ്രാമിലും, ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് Media7News സന്ദർശിക്കൂ


